മംഗൽ യാൻ -ഒരു കുറിപ്പ്

2013 നവംബർ 5 നു സതീഷ്‌ ധവാൻ സ്പേസ് സെന്ററിൽ നിന്നും ആരംഭിച്ചു 300 ദിവസം കൊണ്ട് 40 കോടിയോളം കിലൊമീറ്റർ സഞ്ചരിച്ചു  September 24 നു ചൊവ്വയുടെ ഭ്രമണ പഥത്തിൽ മംഗൽ യാൻ പ്രവെശിച്ചതൊടെ അതൊരു ചരിത്രമായി മാറി ..ബഹിരാകാശ ഗവേഷണ രംഗത്തെ ശക്തികളുടെ കൂട്ടത്തിൽ നമുക്കും ഒരു സ്ഥാനം. നമുക്ക് മുമ്പ് ഈ നേട്ടം കൈവരിചിരിക്കുന്നത് മൂന്നേ മൂന്നു പേർ  യൂറോപ്യൻ യൂണിയനും അമേരിക്കയും റഷ്യയും മാത്രം . അതായത് ഈ നേട്ടം കൈ വരിക്കുന്ന നാലാമത്തെ ലോക ശക്തിയും ആദ്യത്തെ ഏഷ്യൻ രാജ്യവും ആയി ഇന്ത്യ.കുറഞ്ഞ ചെലവിൽ ,പൂര്ണമായും ഇന്ത്യൻ സാങ്കേതിക വിദ്യയിറെ മികവിൽ ഇന്ത്യയിൽ  തന്നെ നിർമിച്ചു ഇവിടെ നിന്ന് തന്നെ വിക്ഷേപിക്കപ്പെട്ടതു എന്നത് തന്നെ ഇതിന്റെ ഏറ്റവും വലിയ  സവിശേഷത.  ഈ ദൌത്യത്തിന്റെ ചില സാങ്കേതിക വശങ്ങളെ കുറിച്ച് ചെറിയ ഒരു ധാരണ നല്കുക എന്നതാണ് ഈ കുറിപ്പിന്റെ ഉദ്ദേശ്യം.

മംഗൽ യാൻ  അഥവാ മാർസ്  ഓർബിറ്റർ  മിഷൻ (Mars orbiter Mission)
മാര്സ് ഓർബിറ്റർ മിഷൻ (Mars orbiter mission)എന്ന ഔദ്യോഗിക നാമത്തിൽ അറിയപ്പെടുന്ന ഈ സംരംഭം ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ദൗത്യം ആണ്.മംഗൽ യാൻ ദൌത്യത്തിന്റെ സുപ്രധാന ലക്‌ഷ്യം  ഒരു ഗ്രഹാന്തര ദൌത്യത്തിന്റെ രൂപകൽപന, അസൂത്രണം , നടത്തിപ്പ്,പ്രവർത്തനം  ഇവക്കാവശ്യമായ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കുക എന്നതാണ്.മറ്റു ലക്ഷ്യങ്ങൾ താഴെ പറയുന്നവ ആണ്
  • വിദൂര ബഹിരാകാശ ഗമനം (Deep space Navigation ),ആശയ വിനിമയം (communication )ഇവയുടെ ആസൂത്രണം , നടത്തിപ്പ്
  • തനതു സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചൊവ്വയുടെ ഉപരിതല സവിശേഷതകൾ , ധാതു സമ്പുഷ്ടത , അന്തരീക്ഷ സവിശേഷതകൾ  ഇവയെക്കുറിച്ച് പര്യവേക്ഷണം നടത്തുക.

MOM  ഒരു പ്രധാന ഘടകം ആണ് ദ്രവ  എഞ്ചിൻ. (Liquid Engine ) 440 ന്യൂട്ടണ്‍ ദ്രവ  എഞ്ചിൻ എന്നും വിളിക്കപ്പെടുന്ന ഈ ഉപകരണം  ചന്ദ്രയാൻ ദൌത്യത്തിൽ ഉപയോഗിച്ച  ലിക്വിഡ് അപ്പോജീ  മോട്ടോർ  (Liquid Apogee Motor- LAM) ന്റെ പരിഷ്കരിച്ച  രൂപം ആണ്.ഭ്രമണ പഥം ഉയർത്തേണ്ട  സന്ദർഭങ്ങളിൽ ആണ് ഇവയുടെ പ്രധാന ഉപയോഗം.400 ന്യൂട്ടണ്‍ തള്ള് (thrust ) പേടകത്തിൽ പ്രയോഗിക്കാൻ ദ്രവ എന്ജിന് കഴിയും.പേടകത്തെ സൂര്യന് ചുറ്റുമുള്ള സഞ്ചാര പഥത്തിൽ എത്തിക്കുന്നതിനും ശേഷം ചൊവ്വയുടെ ഭ്രമണ പഥത്തിൽ നിക്ഷേപിക്കുന്നതിന് മുമ്പ് വേഗത കുറക്കുന്നതിനും ആണ് ദ്രവ എഞ്ചിൻ ഉപയോഗിക്കുന്നത്.അത് പോലെ തന്നെ പേടകത്തിന്റെ ദിശ ക്രമപ്പെടുത്തുന്നതിനും  , സൂര്യന് ചുറ്റുമുള്ള പ്രദക്ഷിണ പാത ശരിപ്പെടുതുന്നതിനും ആയി 822 ന്യൂടൻ തള്ള് (thrust) നൽകാവുന്ന  സജീകരണങ്ങളും ഘടിപ്പിച്ചിട്ടുണ്ട്.
പേടകത്തിന്‌  ആവശ്യമായ വൈദ്യുത ഊര്ജം ഉത്പാദിപ്പിക്കുന്നത് 3 സൌരോര്ജ പാനൽ അടങ്ങിയ ഒരു  യൂനിറ്റ് ആണ്. ഓരോ പാനലിനും  140 സെ.മി. വീതിയും 180 സെ. മീ നീളവും ഉണ്ട്.. കൂടാതെ പവർ ശേഖരിച്ചു വെക്കാൻ 36AH ലിഥിയം-അയണ്‍ ബാറ്ററിയും  ഉണ്ട്.

പേ ലോഡ് (Pay load)

ഒരു വാഹനത്തിനു  വഹിച്ചു കൊണ്ട് പോകാൻ കഴിയുന്ന പരമാവധി ഭാരം ആണ് പേ ലോഡ്.ഉദാഹരണത്തിന് ഒരു വിമാനത്തിന്റെ പേ ലോഡ് വിമാന യാത്രക്കാരും കാർഗോ യും ആണ്.അത് പോലെ മംഗൽ യാനിന്റെ പ്രധാന പേ ലോഡ് അഞ്ചു ശാസ്ത്രീയ ഉപകരണങ്ങൾ  ആണ്.ചൊവ്വയുടെ  അന്തരീക്ഷവും ഉപരിതലവും പഠിക്കുന്നതിനും ചിത്രങ്ങൾ എടുക്കുന്നതിനായുള്ള  5 വിവിധ ശാസ്ത്രീയ ഉപകരണങ്ങളെ വഹിച്ചു കൊണ്ട് പോകുന്ന ഈ ബഹിരാകാശ പേടകത്തിന്റെ ആകെ ഭാരം 13337 കിലോഗ്രാം . ഇത് 5 ഉപകരണങ്ങളുടെയും ആകെ ഭാരം 15 കിലോഗ്രാം വരും. അവ ഇവയാണ് ;
  1. ലൈമാൻ ആൽഫാ  ഫോട്ടോ  മീറ്റർ -(Lyman Alpha Photometer – LAP)
  2. മാർഷ്യൻ  ഏക്സൊസ്ഫിയർ ന്യൂട്രൽ കോമ്പോസിഷൻ അനലൈസർ -(Martian Exospheric Neutral Composition Analyze r – MENCA
  3. മാർസ് കളർ ക്യാമറ (Mars Color Camera – MCC)
  4. മീതൈൻ സെൻസർ ഫോർ മാർസ് (Methane  Sensor for Mars – MSM)
  5. തെർമൽ ഇൻഫ്രാ റെഡ് ഇമേജിംഗ് സ്പെക്ട്രോ മീറ്റർ  (Thermal Infrared Imaging Spectrometerter – TIS)
Lyman Alpha Photometer – LAP
LAP.jpgപ്രകാശത്തിന്റെ തീവ്രത, വിവിധ പദാർത്ഥങ്ങളിലോ പ്രതലങ്ങളിലോ ഉള്ള പ്രകാശത്തിന്റെ വിവിധ സവിശേഷതകൾ ( ഉദാ: ശോഭ,പ്രസരണം,പ്രകീർണനം  മുതലായവ) അളക്കുന്ന ഉപകരണമാണ് ഫോട്ടോ മീറ്റർ . ലൈമാൻ ആൽഫ  ഫോടോ മീറ്ററിന്റെ  ഏകദേശ ഭാരം ഒന്നര കിലോഗ്രാം ആണ്. ഒരു  അൾട്രാ  വയലറ്റു detector  ആണ് ഇതിന്റെ പ്രധാന ഭാഗം. ചൊവ്വയുടെ ബാഹ്യ ഉപരിതലത്തിലെ ഡ്യുട്ടീരിയ (ഘനഹൈഡ്രജൻ)ത്തിന്റെയും ഹൈഡ്രജന്റെയും ആപേക്ഷിക ബാഹുല്യം അളക്കുക എന്നതാണ് ഈ ഉപകരണത്തിന്റെ പ്രധാന ദൗത്യം.ഇവ തമ്മിലുള്ള ആനുപാതിക അളവ്  കണക്കാക്കുന്നതിലൂടെ ചൊവ്വയുടെ അന്തരീക്ഷ നഷ്ടവും  ഈ പ്രക്രിയയിൽ  ജലത്തിന്റെ പങ്കും മനസ്സിലാക്കാൻ കഴിയും.

Martian Exospheric Neutral Composition Analyzer – MENCA

FL09menca_jpg_1527573g.jpg ചൊവ്വയുടെ അന്തരീക്ഷത്തിന്റെ ഉയർന്ന പാളി ആയ എക്സോസ്ഫിയറിനെ (Exosphere) പഠന വിധേയമാക്കുക എന്നതാണ് MENCA യുടെ കടമ. വിവിധ അയോണുകളുടെ ചാർജും പിണ്ഡവും തമ്മിലുള്ള അനുപാതം അളന്നു എക്സൊസ്ഫിയറിലെ  വിവിധ ഘടകങ്ങളെ നിർണയിക്കാൻ  ഈ ഉപകരണം സഹായിക്കുന്നു. രാത്രി-പകലുകൾ, വിവിധ കാലാവസ്ഥ വ്യതിയാനങ്ങൾ ഇവക്കൊക്കെ അനുസരിച്ച് ചൊവ്വയുടെ എക്സൊസ്ഫിയരിൽ വരുന്ന മാറ്റങ്ങളെ കുറിച്ച് വിവരം നല്കാൻ ഈ ഉപകരണത്തിന് സാധിക്കും.ചൊവ്വയുടെ അന്തരീക്ഷ നഷ്ടത്തെ കുറിച്ച് മനസ്സിലാക്കുന്നതിനു ഈ പഠനം വളരെ ഏറെ സഹായിക്കും.

Mars Color Came ra – MCC

ചൊവ്വയുടെ ഉപരിതലത്തെ കുറിച്ചും അതിലെ ഘടനയെ കുറിച്ചും വിവരങ്ങൾ ശേക്ഷരിച്ചു നല്കലാണ് MCC യുടെ ചുമതല.ചൊവ്വയുടെ കാലാവസ്ഥ, മറ്റു ചലനങ്ങൾ  ഇവയൊക്കെ നിരീക്ഷിച്ചു വിവരങ്ങൾ നല്കാൻ  വളരെ ഏറെ സഹായകരമായിരിക്കും ഇത്.ചൊവ്വയുടെ രണ്ടു ഉപഗ്രഹങ്ങളായ ഫോബോസ് (phobos ) , ഡൈമൊസ് (deimos ) ഇവയെ നിരീക്ഷിക്കാനും പേടകത്തിലെ മറ്റു ഉപകരങ്ങളെ കുറിച്ച് സാന്ദർഭിക വിവരങ്ങൾ നല്കാനും ഈ ക്യാമറ ഉപകരിക്കും.

Me thane  Se nsor for Mars – MSM
ചൊവ്വയുടെ അന്തരീക്ഷത്തിലെ മീതയ്ൻ വാതകത്തിന്റെ  സാന്നിധ്യം അളക്കുകയും  ഉറവിടങ്ങൾ അടയാളപ്പെടുതുകയും ചെയ്യുന്നു.3.6 കിലോഗ്രാം ആണ് ഈ ഉപകരണത്തിന്റെ ഭാരം.പ്രകാശിതമായ രംഗത്ത്‌ നിന്നും പ്രതി ഫലിക്കുന്ന  സൗര വികിരണങ്ങളെ പരിശോധനാ വിധേയമാക്കി ആണ് വിവരങ്ങൾ ശേഖരിക്കുന്നത്.1642 മുതൽ 1658 വരെ നാനോമീടർ തരംഗ ദൈർഗ്യമുള്ള  രശ്മികൾ അടിസ്ഥാനമാക്കി പ്രവര്ത്തിക്കുന്ന  ഒരു ഫാബ്രി പേരോ എറ്റലൊൻ സെൻസർ ആണ് എം എസ് എമിന്റെ പ്രധാന ഘടകം.പ്രകൃതി വാതകത്തിന്റെ പ്രധാന ഘടകമായ മീതൈന്റെ  പ്രധാന സ്രോതസ് ജൈവ പ്രവർത്തനങ്ങൾ ( Biological activity) ആണ്. അത് കൊണ്ട് തന്നെ മീതൈന്റെ സാന്നിധ്യം ചൊവ്വയിലെ   ജീവ സാനിധ്യതിന്റെ സൂചന കൂടി ആണ്.
Thermal Infrared Imaging Spectrometer – TIS
ചൊവ്വയുടെ ഉപരിതലത്തിലെ  താപ പ്രസരണം കണക്കാക്കുന്ന ഈ ഉപകരണത്തിന്റെ ഭാരം 4 കിലോഗ്രാം ആണ്. രാത്രിയും പകലും പ്രവര്ത്തിപ്പിക്കാവുന്ന ഈ ഉപകരണത്തിന്റെ പ്രധാന ഘടകം ഇൻഫ്രാ റെഡ് ഗ്രേറ്റിങ്ങ് സ്പെക്ട്രോ മീറ്റർ (Infra Red grating Spectrometer)ആണ്.താപ നിലയും  പ്രസരണ തോതും  ഇത് വഴി അളക്കാൻ കഴിയുന്നു.  വിവിധ തരം  മണ്ണും, ധാതുക്കളും  ഇന്ഫ്രാ റെഡ് കിരണങ്ങളുടെ സ്രോതസ് ആണ് എന്നതിനാൽ  TIS ഉപയോഗിച്ച് ചൊവ്വയുടെ പ്രതലത്തിലെ ധാതു സംപുഷ്ടതയും പ്രതല സവിശേഷതകളും മനസ്സിലാക്കാൻ കഴിയുന്നു
മംഗൽയാന്റെ  യാത്ര:
ഇന്ത്യൻ നിര്മ്മിത PSLV  റോക്കറ്റിന്റെ സഹായത്തോടെ ആണ് പേടകം വിക്ഷേപിച്ചത്.എന്നാൽ PSLV  നേരിട്ട് പേടകത്തെ ചൊവ്വ ലക്ഷ്യമാക്കിയുള്ള പാതയിലെത്തിക്കുക അല്ല ചെയ്തത്. പകരം പേടകത്തെ ഭൂമിക്ക് ചുറ്റുമുള്ള ഓര്ബിറ്റിലേക്ക് എത്തിക്കുകയും അവിടെ  നിന്ന് പേടകം അതിന്റെ  തന്നെ സംവിധാനങ്ങൾ ഉപയോഗിച്ച് ചൊവ്വയിലേക്കുള്ള സഞ്ചാര പാതയിലേക്ക് എത്തുകയും ആണ് ചെയ്തത്. ഭൂമിയിൽ  നിന്നും ചൊവ്വ ലക്ഷ്യമാക്കി ഉള്ള മംഗൽ യാന്റെ യാത്രയെ മൂന്നു ഘട്ടമായി വേർ   തിരിക്കാം.

ജിയോ സെന്റ്‌റിക്ക് ഫേസ് : ഭൂകേന്ദ്രീകൃത ഘട്ടം.

നവംബർ 5നു  സതീഷ്‌ ധവാൻ സ്പേസ് സെന്ററിൽ നിന്ന്   പെടകതെയും വഹിച്ചു കൊണ്ട്  കുതിച്ചുയർന്ന  PSLV -c25  എന്നാ റോക്കറ്റ്,പേടകത്തെ എത്തിച്ചത് ഭൂമിയിൽ  നിന്നും കൂടിയ അകലം  23,550 കി മീ ഉം കുറഞ്ഞ അകലം 250 കി .മീ ഉം   ഉള്ള  ദീർഘ  വൃത്താകൃതിയിലുള്ള ഒരു ഭ്രമണ പഥത്തിലാണ്. അന്ന് മുതൽ ഡിസംബര് ഒന്ന് വരെ  പേടകം ഭൂമിയെ ചുറ്റുക ആയിരുന്നു. ഈ കാലയളവിൽ വിവിധ ഘട്ടങ്ങളിലായി ദീര്ഘാ വൃത്ത പഥത്തിന്റെ അകലം പടി പടി യായി 1,92918km വരെ വികസിപ്പിച്ചു.പേടകത്തിലെ ദ്രവ  എഞ്ചിൻ പ്രവർത്തിപ്പിച്ചാണ് ഭ്രമണ പഥം വികസിപ്പിച്ചത്.ഡിസംബർ 1നു  പുലര്ച്ചേ  00. 49 നു പേടകം ഭൂമിയുടെ ആകര്ഷണ വലയം ഭേദിച്ച് ചൊവ്വ ലക്ഷ്യമാക്കിയുള്ള സഞ്ചാര പാതയിൽ പ്രവേശിച്ചതോടെ അടുത്ത ഘട്ടം തുടങ്ങി.
താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിൽ 1 എന്ന് അടയാളപ്പെടുത്തിരിക്കുന്നതാണ്  ഭൂകേന്ദ്രീകൃത ഘട്ടം.

Helio centric phase : ( സൗര കേന്ദ്രീകൃത ഘട്ടം)

ചിത്രത്തിൽ 2 എന്ന് അടയാളപ്പെടുത്തിയിരിക്കുന്നതാണ് ഈ ഘട്ടം. ചൊവ്വയെ ലക്ഷ്യമാക്കി പേടകം സൂര്യൻ കേന്ദ്രമായി വരുന്ന ഒരു പാതയിലൂടെ നീങ്ങാൻ തുടങ്ങി .ഹോഹ്മൻ ട്രാൻസ്ഫർ ഓർബിറ്റ് (Hohmann transfer orbit)എന്നാണു ഈ പഥതിന്റെ പേര്. ഒരു ചെറിയ ഓർബിറ്റിൽ നിന്നും വലിയ ഓർബിറ്റിലെക്കു  പേടകത്തെ എത്തിക്കാൻ ഉതകുന്ന രീതിയിൽ രൂപ കല്പന ചെയ്ത ഒരു രീതി ആണ് ഇത്. രണ്ടു ഒര്ബിടുകളെയും ബന്ധിപ്പിക്കുന്ന  ദീര്ഘാ വൃത്ത പാതയുടെ പകുതി ആണ് ഈ ഒര്ബിറ്റ്.ഇവിടെ ഭൂമിയുടെയും ചൊവ്വയുടെയും ഭ്രമണപഥങ്ങളെ   ബന്ധിപ്പിക്കുന്ന  ഒരു പാതയിലൂടെ ആണ് പേടകം നീങ്ങുന്നത്‌. വളരെ കുറവ് ഇന്ധന ചെലവു മാതമാണ് ഈ രീതിക്ക് ഉള്ളത്. ഡിസംബർ ഒന്ന് മുതൽ സെപ്റ്റംബർ 22 നു ചൊവ്വയുടെ സ്വാധീനത്തിൽ എത്തുന്നത്‌ വരെ വരെ മംഗൽയാൻ സൂര്യനെ  ചുറ്റുമുള്ള പാതയിലായിരുന്നു..
എന്നാൽ  ഇത് പോലെ കുറഞ്ഞ ഇന്ധന ചെലവിൽ ചോവ്വയിലെക്കുള്ള സഞ്ചാര പാത ലഭ്യമാകണമെങ്കിൽ ഭൂമി,സൂര്യൻ, ചൊവ്വ ഇവയുടെ സ്ഥാനങ്ങൾ  തമ്മിൽ 44 ഡിഗ്രി കോണ്‍ ഉണ്ടായിരിക്കണം. അതെ സമയം ഇങ്ങനെ സംഭവിക്കുന്നത്‌ 780 ദിവസം ഇടവിട്ടാണ്. അതായത്  ഭൂമിയില നിന്നും ചോവ്വയിലെക്കുള്ള കുറഞ്ഞ ഊര്ജ പാത ലഭ്യമാവുന്നത് 2013 നവംബർ മാസത്തിലും പിന്നീട് 2016 ജനുവരിയിലും ആണ്.


MOM path.jpg

Martian Phase : ( ചൊവ്വ ഘട്ടം)

ദൌത്യത്തിലെ അവസാന ഘട്ടം ചിത്രത്തിൽ 3 എന്ന് അടയാള പ്പെടുത്തിയിരിക്കുന്നതാണു.
സെപ്റ്റംബർ 22 നു പേടകം ചൊവ്വയുടെ സ്വാധീന മേഖലയിൽ പ്രവേശിച്ചു. സെപ്റ്റംബർ 24 നു പേടകം ചൊവ്വയ്ക്ക്‌ ഏറ്റവും  അടുത്ത അകലത്തിൽ (Periapsis) എത്തിയപ്പോൾ  ദ്രവ എഞ്ചിൻ വീണ്ടും പ്രവര്ത്തിപ്പിച്ചു വേഗത കുറച്ചു പതിയെ നിര്ദ്ദിഷ്ട ഭ്രമണ പഥത്തിലേക്കു നിക്ഷേപിക്കപ്പെട്ടു.MArs Orbit Insertion (MOI)എന്നാണു ഈ പ്രക്രിയയെ വിളിച്ചിരിക്കുന്നത്.
മംഗൽ യാൻ ചൊവ്വയ്ക്ക്‌ ചുറ്റുമുള്ള ഒരു ദീർഘ വൃത്താകൃതിയിൽ (elliptical Orbit) ഉള്ള ഭ്രമണ പഥത്തിലെത്തിയതോടെ ദൗത്യം വിജയകരമായി പൂർത്തിയായി . ഈ ഭ്രമണ പഥത്തിൽ പേടകത്തിന്‌ ചൊവ്വയിൽ നിന്നും കുറഞ്ഞ അകലം 365.3 കി. മീറ്ററും കൂടിയത് 80,000 km ഉം  ആണ്.

സെപ്റ്റംബർ 24 നു രാവിലെ 8 മണിയോടെ കുറിക്കപ്പെട്ടത് ഒരു ചരിത്രമാണ്.. ഒരു പുതിയ ചരിത്രം.ചുവന്ന ഗ്രഹത്തിന്റെ രഹസ്യങ്ങൾ തേടിയുള്ള യാത്രയുടെ ഒരു ചെറിയ തുടക്കം .ചന്ദ്രനിൽ കാലു കുത്തിയ രണ്ടാമത്തെ മനുഷ്യൻ,അപ്പോളോ 11 ന്റെ പൈലറ്റ് എഡ്വിൻ യൂജിൻ ആൾഡ്രിൻ ജൂനിയർ പറഞ്ഞ വാക്കുകൾ ഇങ്ങനെ ആണ്.”മനുഷ്യൻ ചൊവ്വയിൽ എത്തുമെന്ന് ഞാൻ കരുതുന്നു.എന്റെ ജീവിത കാലത്ത് അത് നടന്നു കാണാൻ ഞാൻ ആഗ്രഹിക്കുന്നു”.( I think humans will reach Mars, and I would like to see it happen in my lifetime.).
നമുക്ക് കാത്തിരിക്കാം, അങ്ങനെ ഒരു നാളിനായി.ഇത് ഒരു തുടക്കമാകട്ടെ.മംഗൽ യാൻ,,മംഗളം ഭവിക്കട്ടെ.

  -
ചിത്രങ്ങൾക്കും മറ്റു സാങ്കേതിക  വിവരങ്ങൾക്കും കടപ്പാട് :
ഐ എസ് ആർ ഓ വെബ്‌ സൈറ്റ് : http://www.isro.org/pslv-c25/mission.aspx



Comments

Popular posts from this blog

ഐ ട്വന്റി

ഗവേഷണം ?