മന:ശാസ്ത്ര ബിരുദ ധാരികളും  ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ് ബിരുദ ധാരികളും ഒക്കെ അധികമായത് കൊണ്ടാവാം എവിടെ നോക്കിയാലും ട്രൈനേഴ്‌സിന്റെ ബഹളം ആണ്. സേവന മനസ്സോടെ എടുക്കുന്നവരും വരുമാന മാർഗമായി ട്രെയിനിങ് കൊടുക്കുന്നവരും ഉണ്ട്. കരിയർ ഗൈഡൻസ് , വ്യക്തിത്വ വികസനം,തുടങ്ങി ബിസിനസ് മാനേജ്‌മെന്റിൽ വരെ ക്ളാസുകൾ കൊടുക്കുന്നവരെ കാണാറുണ്ട്.ചിലരുടെയൊക്കെ വീഡിയോയും ഫോട്ടോസുമൊക്കെ  കാണാറും ഉണ്ട്.പക്ഷെ ചില ക്ളീഷേ സാധനങ്ങൾ ഒഴിച്ച് കൂടാനാവാത്തതാണ് എന്ന് തോന്നുന്നു. ചിലതു ചുവടെ ചേർക്കുന്നു. ട്രൈനിംഗ് രംഗത്ത് പ്രവർത്തിക്കുന്ന സുഹൃത്തുക്കൾ ദയവ് ചെയ്തു ക്ഷമിക്കുക…
  1. വേഷം: മിക്കവാറും കാണുന്ന വേഷം ഓവർ കോട്ട് ആണ്. ഒരു impression ഉണ്ടാക്കാൻ നല്ലതാണ് . പക്ഷെ അത്രക്ക് വേണോ? സ്വാഭാവികതയോടെയുള്ള സംസാരവും വേഷവും അല്ലെ ക്ളാസിലിരിക്കുന്നവരുമായുള്ള ആശയ വിനിമയം സുഗമമാക്കൂ. അഭിനയങ്ങൾ ഒഴിവാക്കുന്നതല്ലേ യഥാർത്ഥ വ്യക്തിത്വം.രാഷ്ട്രീയക്കാരുടെ ഖദർ പോലെയാണ് പലപ്പോഴും ട്രൈനർമാരുടെ ഓവർക്കോട്ട്.
  2. മഹാന്മാരുടെ വിജയ കഥകൾ: പണ്ട് ക്ലാസ് എടുത്തിരുന്ന സമയത്ത് ഞാനും ഉപയോഗിച്ചതാണ്.ആവർത്തന വിരസത തോന്നിയപ്പോ പലതും ഒഴിവാക്കി. വിജയ കഥകൾ പറയൽ നിര്ബന്ധമാണ് എങ്കിൽ നമ്മുടെ ചുറ്റു പാടുമുള്ള വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുന്നത് കുട്ടികൾക്ക് പ്രചോദനമാകും.
  3. അമിത ശുഭാപ്തി വിശ്വാസം കൊടുക്കൽ: എപ്പോഴും വിജയങ്ങളെ കുറിച് മാത്രം പറയാതെ കഷ്ടപ്പാടുകളെ കുറിച്ചും പറയുന്നത് ജീവിത യാഥാർഥ്യങ്ങളെ കുറിച്ച് അറിയാൻ ഉപകരിക്കും. അമിതമായാൽ അമൃതും വിഷം.
  4. തീയിൽ ചവിട്ടൽ/തീ വിഴുങ്ങൽ: ആത്മ വിശ്വാസം ഉണ്ടാകാൻ ആണെന്നാണ് പറയപ്പെടുന്നത്. പക്ഷെ കരിയർ ഗൈഡൻസ് ക്ളാസുകളിൽ വരെ പലരും ഉപയോഗിച്ച് കാണുന്നു. പുതിയ ട്രെന്റ് കൾ ആവും. പക്ഷെ തീ വിഴുങ്ങി ധൈര്യം കാണിച്ച ആൾ മറ്റേതെങ്കിലും  സന്ദർഭത്തിൽ ധൈര്യം കാണിക്കുമോ എന്ന് സംശയം. പ്രത്യേകിച്ച് ഒരു കരിയർ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ കുട്ടികൾ ആശ്രയിക്കുക തീ വിഴുങ്ങലിനെ യായിരിക്കില്ല മറ്റു പല ഘടകങ്ങളും ആയിരിക്കും.പല ആത്മ വിശ്വാസ ക്ളാസുകൾ എടുത്ത എനിക്ക് നായയെ ഇപ്പോഴും  പേടിയാണ്.നായ മുന്നിലിലെത്തിയാൽ എഡ്മണ്ട് ഹിലാരി എവറെസ്റ് കീഴടക്കിയതൊന്നും ഓർമയുണ്ടാവില്ല .നായയെ പേടിച്ച് കാറിന്റെ മുകളിൽ വരെ ചാടിക്കയറിയിട്ടുണ്ട്. (തീ വിഴുങ്ങി ഞാൻ ധൈര്യം കാണിച്ചിട്ടുമില്ല)

Comments

Popular posts from this blog

ഐ ട്വന്റി

മംഗൽ യാൻ -ഒരു കുറിപ്പ്

ഗവേഷണം ?